This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോസറ്റ് നാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോസറ്റ് നാടകം

രംഗാവതരണയോഗ്യമല്ലാത്തതും വായിച്ച് ആസ്വദിക്കാന്‍വേണ്ടി മാത്രമുള്ളതുമായ നാടകം. ബി.സി. 4-നും എ.ഡി. 65-നും ഇടയ്ക്ക് ജീവിച്ചിരുന്ന റോമന്‍ നാടകകൃത്തും തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ സിനിസ ലൂസിയൂസ് അനാക്കസിന്റെ (Seneca Lucius Annacus) നാടകങ്ങളാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയങ്ങളായ കൃതികള്‍. ഇദ്ദേഹത്തിന്റെ 9 ദുരന്തനാടകങ്ങളാണ് ലഭിച്ചിട്ടുള്ളത്. രംഗത്ത് അവതരിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള രംഗങ്ങളാണ് ഇവയിലുടനീളം. ഗ്രീക്ക് നാടകങ്ങളുടെ മാതൃകയില്‍ ഗ്രീക്ക് ഐതിഹ്യങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള സ്വതന്ത്രനാടകങ്ങളാണ് ഇവ. പൊതുവെ ഭയാനകമായ അന്തരീക്ഷമാണ് ഇവയില്‍ ചിത്രീകരിച്ചിട്ടുള്ളത്. നീറോ ചക്രവര്‍ത്തിയുടെ രാജസദസ്സിന്റെ അന്തരീക്ഷം പ്രതിഫലിക്കുന്ന ഈ കൃതികള്‍ അവയുടെ വികാരപരത കാരണം നവോത്ഥാനകാലത്ത് ധാരാളം വായിക്കപ്പെട്ടു എന്നു മാത്രമല്ല, അവ പില്ക്കാലത്ത് കാല്പനിക നാടകകൃത്തുക്കളെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. 19-ാം ശതകത്തിലെ കാല്പനിക കവികളില്‍ പലരും വായിക്കുന്നതിനുമാത്രമായി നിരവധി കാവ്യനാടകങ്ങള്‍ രചിക്കുകയുണ്ടായി. മില്‍ട്ടന്റെ സാംസണ്‍ അഗണിസ്റ്റസ്, ഷെല്ലിയുടെ പ്രൊമെത്യൂസ് അണ്‍ബൌണ്ട്, ബൈറന്റെ മാന്‍ഫെഡ് തുടങ്ങിയ നാടകങ്ങള്‍ ഈ ശാഖയിലെ ശ്രദ്ധേയങ്ങളായ രചനകളാണ്. വായിക്കാന്‍വേണ്ടി മാത്രമായി വിവര്‍ത്തനം ചെയ്യുന്ന ക്ലാസ്സിക്കല്‍ നാടകങ്ങളെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.

(വിജയരാഘവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍